Thursday, November 29, 2007

നൊമ്പര ജീവിതത്തിന്റെ പെരുമഴയില്…

ആശുപത്രി കിടക്കയിലിരുന്നു റഫീന എഴുതിയ വരികള്‍
വേദനയുടെ മഴനനഞ്ഞവയായിരുന്നു.സ്വപ്നങ്ങളും ആഹ്ലാദങ്ങളും ചേര്‍ത്തുവെച്ച് നോട്ടുബുക്കില്‍ വരഞ്ഞിട്ട കവിതകള്‍ ഒരു കവിതാ സമാഹാരമായി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ്‍ കണ്ണൂര്‍ തളിപ്പറമ്പിലെ കാഞ്ഞിരങ്ങാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ റഫീന.
ജന്മനാ ശാരീരിക വൈകല്യ്‌വുമായി പിറന്ന റഫീനയ്ക്ക് ചലിക്കാനാകുമായിരുന്നില്ല. ഇരുകൈകള്‍ ഒട്ടിപ്പിടിച്ച നിലയിലുമായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയാണ്‍ റഫീനയ്ക്ക് പുതുജീവന്‍ നല്‍കിയത്. സ്കൂള്‍ മാഗസിനിലും മറ്റുമായി നിരവധി കവിതകള്‍ എഴുതി.“ ഇനിയും വരാത്ത കവിത“ എന്ന റഫീനയുടെ ആദ്യ പുസ്തകം കവി പി.കെ. ഗോപിയാണ്‍ പ്രകാശനം ചെയ്തത്.
റഫീനയുടെ കവിത

മഞ്ഞു പെയ്തിറങ്ങുമ്പോള്‍

മഞ്ഞു പെയ്തിറങ്ങുമ്പോള്‍
ഇരുട്ടിന്റെ അഗാതതയില്‍ നിന്നും
ചെളിപുരണ്ട വെളള വസ്ത്രങ്ങളണിഞ്ഞ്
വ്രണങ്ങളുമായ് നീ ഓടിക്കിതച്ചെത്തിയപ്പോള്‍
ഞാന്‍ ഒരിക്കലും കരുതിയില്ല
നീയൊരു കൊലപാതകിയാണെന്ന്,
കഴുമരം കാത്തുകിടക്കുന്നവനാണെന്ന്.
അറിയാതെ ഞാന്‍ നിന്നെ പരിചരിച്ചു
ഭക്ഷണവും വസ്ത്രവും തന്നു
അറിഞ്ഞിട്ടും ഞാന്‍ നിന്നെ പ്രണയിച്ചു.
നാളെ നീ കൊല ചെയ്യപ്പെടും
നീ വെറും ഓര്‍മയായി മാറും.

ദൈവമേ… എനിക്കു സഹിക്കന്‍ വയ്യ,
നീ മരിക്കാന്‍ പോകുന്നു
ഇനി ഏതാനും നിമിഷങ്ങള്‍.
നിന്റെ ചലനമറ്റ ശരീരം കാണാന്‍
എന്റെ കണ്ണുകള്‍ക്ക് കാഴ്ചയില്ല
ഹൃദയത്തിന്‍ കാഠിന്യമില്ല

മഞ്ഞുപെയ്തിറങ്ങുന്നു,
രാ‍ത്രിയുടെ നിശബ്ദതയില്‍
നിന്റെ മരണം
എന്റെ കാതുകളില്‍ മുഴങ്ങുന്നു.
പുറത്ത് നല്ല തണുപ്പുണ്ട്
ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു.
നിമിഷങ്ങള്‍ക്കകം പേമാരിയായി
ശക്തിയായ കാറ്റും വീശുന്നുണ്ട്
ഭ്രാന്തു പിടിച്ച മഴ രാവിലെ
എന്റെ കിളിക്കൂട് തകര്‍ക്കുമോ?
ആ കിളിക്കൂട് നിനക്കും പ്രിയപ്പെട്ടതായിരുന്നില്ലേ?
നിന്റെ ഓര്‍മകള്‍ ഞാന്‍
കഴുകിക്കളയുമ്പോഴും
മഞ്ഞുപെയ്തിറങ്ങുകയായിരുന്നു.
നിന്റെ ശവക്കല്ലറയിലും
മഞ്ഞു പെയ്തിറങ്ങുകയായിരുന്നു.

2 comments:

കണ്ണൂരാന്‍ - KANNURAN said...

റഫീനയെപറ്റി പത്രങ്ങളില്‍ കണ്ടിരുന്നു. കവിത ഇവിടെ ഇട്ടതിനു നന്ദി.

ദിനേശന്‍ വരിക്കോളി said...

റഫീന
കവിത നന്നായി
ഇനിയുമുണ്ടാവട്ടെ ഇത്തരം വെളിപാടുകള്‍ ...
കവിത വെറും വാക്കല്ലല്ലോ അത് പലപ്പോഴും പലതിനേയും പൂര്‍ണ്ണമാക്കുന്നുണ്ട്
മുറിവുകള്‍ .. വേദന..എല്ലാം മനുഷ്യസഹജമെന്നറിയുന്പോഴും കവെ
ഞാനെന്തെഴുതേണ്ടൂ ...വാക്കുകളില്ലാതാകുന്നൂ ...സഹോദരീ.
നന്‍മനേരുന്നു..
സസ്നേഹം