Wednesday, July 11, 2012

അംബുജം കടമ്പൂര്


 പെൺപേടി

ബാല്യത്തിന്റെ മാവിൻ ചോട്ടിൽ
അച്ഛനുമമ്മയുമാകണമെന്ന്
വാശിപിടിച്ചത്
അനിക്കുട്ടനായിരുന്നു

മാങ്ങ പെറുക്കിയെടുത്ത
ഹാഫ് പാവാടക്കുത്ത്
അഴിച്ചെടുത്ത്,
നഗ്നയായി നിൽക്കാൻ പറഞ്ഞത്
ബാബുവേട്ടനും.
മധുരപ്പതിനേഴിന്റെ
ഇടവഴിയിൽ തടഞ്ഞുവച്ച്
പ്രണയലേഖനമാദ്യം തന്നത്
റിട്ടയേർഡ് പട്ടാളക്കാരനും
മറുപടിയിൽ പാതിരാനിലാവിന്റെ
സാമീപ്യം വേണമെന്നും
പാതിചാരിയ വാതിലുകൾ
മാർജ്ജാര പാദങ്ങൾക്ക്
മാർഗമാവണമെന്നും
കുറിമാന സൂചനകൾ.

കുന്നിൻ പള്ളിയിലെ
വായനാ മൂലയിലാണ്
നഗ്നനായ പുരുഷനെ
കിതപ്പാർന്ന ശബ്ദത്തോടെ
നേരിടേണ്ടി വന്നത്
ഭയത്തിന്റെ കുതിരവേഗത്തിൽ
അന്നേ പുരുഷനിൽ നിന്നും
ഓടി മറഞ്ഞിരുന്നു,
എന്റെ ചിന്തകളും വികാരങ്ങളും.

കുമാരസംഭവത്തിലെ
ഗൗരീനാസികയിലെ ജലകണം
ഒഴുകിയ വഴികളിലൊന്നും
അശ്ലീലത്തിന്റെ പ്രണയക്കാഴ്ച
കാണാതെ പോയത്
ബാല്യം കയ്യിലിട്ടു തന്ന
ഭയത്തിന്റെ തണുപ്പ്
ഹൃദയത്തിലടിഞ്ഞതിലാവാം.


Wednesday, January 11, 2012

മുനീർ അഗ്രഗാമി

ജന്മന്തരങ്ങൾ

ഒരു ചുംബനം മതി

ഉടലുമുള്ളവും ഉള്ളിലൊതുക്കി

പൂമ്പാറ്റയാകുവാൻ.

മുമ്പൊരു ജന്മത്തിൽ

നിന്നിതളിൽ വന്നിരുന്നു

തേനുണ്ടതിന്നനുഭൂതി

പെയ്തിറങ്ങുവാൻ.


ഒരു സ്പർശനം മതി

ഓരോ കോശത്തിലും

നിന്റെ വെളിച്ചം

കത്തിപ്പടരുവാൻ.


അപ്പോൾ തെളിയുമൊരു ദൃശ്യം

പാമ്പുകളായ് പമ്പാതീരത്തൊരുനാൾ

നാം പിണഞ്ഞു

നൃത്തമാടിയ ദൃശ്യം.


ഇന്നുമവിടെ ബാക്കിയായ്

മരവേരുകൾ

കാലുകളിൽ ചുംബിക്കുന്നു.

കരിങ്കല്ലുകൾ പ്രണയാതുരരായ്

പറയുന്നു

സ്പർശിച്ചലിയിക്കുവാൻ

നീയെന്നെ സ്പർശിച്ച പോൽ


ഒരോ ജന്മത്തിലും

നമുക്കേറ്റ പരിക്കുകളുണ്ടിനി

ഒരുക്കൂട്ടി വെച്ചു

മഴവില്ലു നിർമിക്കുവാൻ.